Friday, September 23, 2011

ഉയരങ്ങളില്‍ നിന്നുള്ള സാധാരണ കാഴ്ചകള്‍

ഒട്ടും ചന്തമില്ലാത്ത, മേഘങ്ങള്‍ ഒഴുകി നടക്കാത്ത, ഇളം നീല നിറമുള്ള, നിശ്ചലമായ മേല്‍ക്കൂരയുള്ള ഒരു നഗരമാണിത്‌ . അപൂര്‍വമായി മാത്രം പറന്നുപോകുന്ന ഒരുപറ്റം പ്രാക്കലാണ് സുന്ദരമായ ആകാശകാഴ്ച. അതുകാണാന്‍ മാത്രം ജനലരികിലെത്താരുണ്ട് പതിവായി. നാട്ടിലെ, കുന്നിന്‍മുകളിലുള്ള സുറിയാനി പള്ളിയുടെ മേലെ പറ്റമായി പറന്നിരുന്ന പ്രാവിന്ക്കൂട്ടത്തെ ഓര്‍മപ്പെടുത്തി ആ കാഴ്ച. പിന്നീട് കിട്ടിയ ഇത്തിരി ഇടവേളയില്‍, ജനലിലൂടെ താഴേക്കു നോട്ടം പാളി. പണ്ട് വീടിന്റെ പടിഞ്ഞാറേ പറമ്പിലെ തെങ്ങിന്‍ മുകളില്‍ കയറി; താഴേക്കു നോക്കിയപ്പോള്‍ ഉണ്ടായ അതെ പരിഭ്രമം. എന്നാല്‍ നിരത്തിലെ തിരക്ക്, ഉള്ളില്‍ കുറച്ചു കൌതുകവും ഉണര്‍ത്തി. റോഡ്‌ മുറിച്ചു കടക്കുന്ന ഇത്തിരി പോന്ന സഹജീവിയും. ഉറുമ്പുകണക്കെ വരി വരിയായി നീങ്ങുന്ന ഷകടവും... ഭൂമിയെ തൊട്ടു പോകുന്നതെല്ലാം വല്ലാതെ മൈക്രോ ആയപോലെ. ഉയരത്തില്‍ നിന്നുള്ള നോട്ടം, ആളെ അല്പം 'ഫിലോസഫിക്കല്‍' ആക്കിയെക്കും. (ദൈവത്തിന്റെ കാഴ്ചയും മുകളില്‍ നിന്ന് തന്നെയല്ലേ!. ആണോ?, അതോ ഉള്ളില്‍ നിന്നോ? ഈ ഡൌട്ട് ഭക്തര്‍ക്ക്‌ വിട്ടു കൊടുക്കാം). നിരത്തിലെ തിരക്കും, ധൃതിയും വല്ലാത്ത ചോദ്യചിഹ്നം പോലെ അവശേഷിക്കുന്നു... അല്ല, എല്ലാരും ഇത്ര വേഗത്തില്‍ എങ്ങോട്ടാണ്? ട്രാക്ക് തെറ്റി വന്ന പെഷവാര്‍ പച്ചക്ക് , പോകാന്‍ ഇത്തിരി ഇടം നല്‍കാന്‍ പോലും സമയം ഇല്ലാതെ എങ്ങോട്ടാണ് ഇവര്‍ പായുന്നത്... ഗത്യന്തരം ഇല്ലാതെ , പാശ്തുവില്‍ അവന്‍ പറഞ്ഞു; കുറെ തെറികള്‍, കൂടെ ഇരുന്ന ഞാനും ഏറ്റു പാടി .ശൂ ആതാ !. എത്തെണ്ടടത്ത് എത്തേണ്ട ധൃതി ആയിരിക്കും? എത്തിയിട്ട് എന്താണാവോ കാര്യം. പണ്ട് വായു ഗുളികയ്ക്ക് വേണ്ടിയായിരുന്നു ഓട്ടം.. ഇന്നു പ്രത്യേകിച്ചു ഒന്നിനും വേണ്ടയല്ലെന്നു തോന്നുന്നു. അല്പം സമയം വെറുതെ ഇരിക്കണം(ഉറങ്ങണം).. പിന്നെ facebookil മാന്യമായി കുറച്ചു ഒളിഞ്ഞുനോട്ടം. (ഇന്നലെ ചിക്കന്‍ കരിഞ്ഞു പോയി എന്ന് സ്റ്റാറ്റസ് ഇട്ട സുഹൃത്ത്‌ ഇന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടാവുമോ ആവോ?).. ലൈക് അടിച്ചും, ഷെയര് ചെയ്തും റ്റാഗിയും പ്രവാസി പൂര്‍ണമായും 'Virtual' ആയിരിക്കുന്നു...കൂടാതെ ക്രിയാത്മകമായി ശവവും! ചുരുക്കത്തില്‍ ഈ നഗരത്തിന്റെ വേഗതക്ക് ഒരടിസ്ഥാന്മില്ലെന്നു തോന്നുന്നു.

ഒരു വര്‍ഷമായി ഇവിടേയ്ക്ക് താമസമായിട്ടു. എതിര്‍ വശത്ത് പഴയ കോട്ടയെന്നു തോന്നിപ്പിക്കുന്ന ഒരു ഹോസ്പിറ്റല്‍. അവിടം വരെയൊന്നു പോണമെന്ന് ഇന്നലെ വരെ തോന്നിയിട്ടേയില്ല..മൂന്നുമാസം മുന്‍പ്, പരിചയമുള്ള ഒരു നായര് കുളിമുറിയില്‍ തെന്നി വീണു, ഈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു , പക്ഷെ കാര്യങ്ങള്‍ നിനച്ച പോലെ പുരഗതിയുണ്ടായില്ല. അദേഹത്തിന്റെ ഒരു വശം തളര്‍ന്നു കൂടുതല്‍ പ്രയാസത്തിലായി, ഒരു മാസം മുന്‍പ് ICUവിലേക്ക് മാറ്റി.. പയ്യെ അബോധാവസ്ഥയിലായി.. ഇപ്പോള്‍ വെന്റിലെറ്റരിന്റെ സഹായത്താല്‍ പ്രാണന്‍ നിലനിര്‍ത്തുന്നു . ഒന്ന് കയറി കാണണമെന്ന് വിചാരിച്ചു കഴിഞ്ഞ മൂന്നു മാസം, മേല്‍പ്പറഞ്ഞ തിരക്ക് കാരണം ഇന്നലെ വരെ സന്ദര്‍ശനം മാറ്റി വച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് സഖിക്കൊപ്പം അവിടെ വരെ പോയി. സെക്യുരിടി കാണിച്ചു തന്ന വാതിലിലൂടെ അകത്തേക്ക് കയറി. അടുത്തടുത്ത മുറികളില്‍ വളരെ ക്രിട്ടിക്കലായ കുറെ രോഗികള്‍ കിടക്കുന്നു . ചില്ല് വാതിലുള്ള ഓരോ മുറിക്കു പുറത്തും അവരെ കമ്പ്യൂട്ടറില്‍ മോണിറ്റര് ചെയ്തുകൊണ്ട് സിസ്റ്റെര്സ്.. . ഞങ്ങള്‍ നായരുടെ അടുത്തെത്തി. അവിടെ ഉണ്ടായിരുന്ന സിസ്ട്ടരിനോട് കാര്യം അന്വേഷിച്ചു. നിസഹായത നിറഞ്ഞ ഒരു മറുപടി. 'ഹി ഈസ്‌ സിക്ക്'. അതില്‍ എല്ലാം അടങ്ങിയിരുന്നു . അദേഹത്തെ കയറി കാണുന്നുന്ടെങ്ങില്‍ ഈ യെല്ലോ ഡ്രസ്സ്‌ ഇട്ടു കയറണം. ഇന്‍ഫെക്ഷന്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ ആണ്. നേഴ്സിന്റെ അട്വൈസ്. ശ്വാസം എടുക്കാനുള്ള നായരുടെ ബുദ്ധിമുട്ട് കണ്ടു അവള്‍ പരിഭ്രമിച്ചു; മുറിക്കകത്തെക്ക് വന്നില്ല .. ഞാന്‍ അകത്തുകയറി, കിടക്കകരികില്‍ കുറച്ചു നേരം നിന്നു. ഒന്ന് തൊടണമെന്നു ഉണ്ടായിരുന്നു. ഉള്ളില്‍ സങ്കടം അരിച്ചിറങ്ങി ... തിരികെ നടക്കുമ്പോള്‍ അടുത്തുള്ള മുറിയിലെ ആളുകളെ ശ്രദ്ധിച്ചു. ചലനമറ്റും, ഒട്ടും തിരക്കില്ലാതെയും, അങ്ങനെ..

ഹോസ്പിറ്റലിനു മുന്‍പിലുള്ള പാര്‍ക്കിലെ ബെഞ്ചില്‍, മേലേക്ക് നോക്കി കുറെ നേരം വെറുതെ ഇരുന്നു. ഒന്നും മിണ്ടാതെ... ചന്തമില്ലാത്ത ആകാശത്തുകൂടി കൂടണയുന്ന പ്രാക്കള്‍.. എതിരെയുള്ള റോഡില്‍, ഇപ്പോഴും നിറയെ തിരക്കും ധൃതിയും ഉണ്ട്. എനിക്ക് തോന്നി; ഈ നഗരത്തിനു ആ ജാപ്പനീസ് ഗുരുവിനെ ആവശ്യമുണ്ട്. ഒരു ചോദ്യം ചോദിക്കാന്‍. 'Where are you heading in swift?'

നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ , തൃശൂര്‍ക്കാരന്‍ നായര് മരിച്ചിട്ട് ഒരാഴ്ചയാകുന്നു..

Wednesday, May 25, 2011

പ്രാവേ പ്രാവേ പോകരുതേ

അതേ, എന്‍റെ നാട്ടിലെ പള്ളിയില്‍ എല്ലാ വര്‍ഷങ്ങളിലും, കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തുന്നതിനു കലാകായിക മത്സരങ്ങള്‍ നടത്തി വരാറുണ്ടായിരുന്നു (ഇപ്പോഴും ഉണ്ടാവണം). പണ്ട് പണ്ട്, ഒരു പതിനഞ്ചു ഇരുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ്, കായികമത്സരങ്ങളിലെ ഒരു സ്ഥിരം സാനിദ്ധ്യമായിരുന്നു വെട്ടത്തെത് ആശാന്മാരുടെ നാലാം തലമുറയില്‍ പെട്ട ഞാനും എന്‍റെ സഹോദരനും. കായികമത്സരങ്ങളിലെ ഗ്ലാമര്‍ ഇനങ്ങളായിരുന്നു; 'പള്ളിക്ക് ചുറ്റും ഓടുക'(400m), പള്ളിക്ക് വടക്ക് വശത്തുള്ള തെങ്ങിന്റെ തടത്തിലേക്കു ചാടുക(ലോങ്ങ്‌ ജമ്പ്), നൂല് കോര്‍ത്ത്‌ ഓടുക മുതലായ മത്സരങ്ങള്‍. കാലമോ പ്രായമോ കഴിഞ്ഞിട്ടും സണ്‍‌ഡേ സ്കൂളില്‍ അഞ്ചാം തരത്തില്‍ നിന്നും പാസാവാത്തതിനാല്‍, എന്നും ഞങ്ങള്‍ക്ക് ജൂനിയര്‍ തലത്തില്‍ മത്സരിക്കെണ്ടിവന്നു. ആയതിനാല്‍ എല്ലാകൊല്ലങ്ങളിലും ഫെടരരും നടാലും പോലെ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്ഥിരമായി അലങ്കരിച്ചു പോരുന്നു. പിന്നെ ഇതൊന്നും ഒരു വാര്ത്തയല്ലാത്തതുകൊണ്ട് പത്രത്തിലൊന്നും ഫോട്ടോ അച്ചടിച്ച്‌ വന്നിട്ടില്ല എന്നുള്ളത് നേരാണ്. പക്ഷെ വല്ലിയപ്പച്ചനും വല്ല്യമ്മചിയും തൊട്ടു താഴോട്ടു അമ്മയുടെ ഏറ്റവും ഇളയ ബ്രതറിന്റെ മകള്‍ വരെ ചായ കുടിക്കുന്നത് ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയ കപ്പ്‌, സോസര്‍, ടംബ്ലാര്‍ മുതലായ ട്രോഫിയിലാന്നെന്നത് ഒരു നഗ്ന സത്യം..

അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഒരു കലാ മത്സരത്തില്‍ പങ്കെടുത്താല്‍ കൊള്ളാമെന്നു ഒരു മോഹം. വിജയശ്രീലാളിതനാകന്നമെന്ന അതിമോഹവും. പോരാത്തതിന് സോളോ സോങ്ങില്‍ മത്സരിച്ചാലോ എന്നൊരു ചിന്ത. "അത് വേണോ" എന്ന് സഹോദരന്‍. വിജയിച്ചാല്‍ ലഭിക്കുന്ന പ്രശസ്തിയെ കുറിച്ച് ഞാന്‍ വാചാലനായി. എന്‍റെ വാക്കുകളില്‍ അവന്‍ മോട്ടിവേട്ടറ്റ് ആയോ എന്തോ; ഞങ്ങള്‍ രണ്ടു പേരും പേര് രജിസ്റ്റര്‍ ചെയ്തു.. പാട്ട് പുസ്തകം എടുത്തു പാട്ട് സെലക്ട്‌ ചെയ്തു, ആലാപനവും തുടങ്ങി. ശബ്ദതം നന്നാവാന്‍ സാധകവും, അവസാനം മത്സരദിനം വന്നെത്തി.. ,ഞങ്ങള്‍ മത്സരിക്കുന്നവരോടൊപ്പം പോയിരുന്നു, അപ്പോള്‍ ചെറിയ ഒരു ടെന്‍ഷന്‍. ചുറ്റും നോക്കിയപ്പോള്‍ പള്ളിയിലെ ആസ്ഥാന ഗായകര്‍, പകുതി പഠിച്ച പാട്ടുകൂടി മറന്നു,. സംഘാടകര്‍ ചെസ്റ്റ് നമ്പര്‍ വിളിച്ചു...ഞാന്‍ ശ്വാസം വലിച്ചു ആത്മവിശ്വാസത്തോടെ പോയി പാടി, പല്ലവി പാടിയപ്പോള്‍ തന്നെ ഇവന്‍ ഇത് എന്തുവാ പാടുന്നത് എന്ന് ഓര്‍ത്തു കാണികള്‍ പരസ്പ്പരം നോക്കി..പാട്ട് പാടി തീര്‍ന്നു! , മത്സരവും അവസാനിച്ചു, മീന്‍ വെട്ടുമ്പോള്‍ അമ്മയുടെ അടുത്ത് മത്തി തലക്ക് വേണ്ടി കാത്തിരിക്കുന്ന വെളുമ്പി പൂച്ചയെ പോലെ ഞാന്‍ ജട്ജ്ജസ്സിന്റെ വിധി കേള്‍ക്കാനായി പള്ളിയുടെ ഭിത്തി ചേര്‍ന്ന് ഇരുന്നു.. ഒന്നു മുതല്‍ മൂന്നാം സ്ഥാനം വരെ ആസ്ഥാന ഗായകര്‍ കൈക്കലാക്കി.. അവിശ്വസനീയം!. ഞാന്‍ വിധിക്കെതിരെ അപ്പീല്‍ കൊടുത്തു .മാര്‍ക്ക് ഷീറ്റില്‍ എന്റെയും സഹോദരന്റെയും പേരിനു നേരെ 'Disqualified' എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു..എന്തെല്ലാം മോഹങ്ങള്‍, എത്ര നാളത്തെ പരിശ്രമങ്ങള്‍ പോരാത്തതിന് അതിരാവിലെയുള്ള സാധകവും..എല്ലാം അസാധു. ഞാന്‍ വിലപിച്ചു. എന്നോട് വല്ല അസൂയയും ഉണ്ടോ?.. വിധികര്ത്താവിനോട് എന്‍റെ പരിഭവം അറിയിച്ചു.. "എന്തിനാണ് എന്നെ അയോഗ്യനാക്കിയത്"..."അത് പിന്നെ പള്ളിയില്‍ പാടുമ്പോള്‍ മോനെ നല്ല ഭക്തിഗാനo അല്ലെ പാടെണ്ടത്... അല്ലാതെ 'പ്രാവേ പ്രാവേ പോകരുതേ' എന്ന കവിതയാണോ"...അത് ശരിയാണെന്ന മട്ടില്‍ ഞാന്‍ തലയാട്ടിനിന്നു.

Monday, February 7, 2011

രാത്രിയില്‍ കൊഴിഞ്ഞ പൂവ്


വാക്കുകള്‍ക്കു നൂറ്  മാര്‍ക്കും,
കര്‍മ്മത്തില്‍ സംപൂജ്യരും.
ദാരുണക്കാഴ്ചകള്ക്കു മുന്‍പില്‍
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ'എന്ന് കരയുന്ന,
വിലാപകവികള്‍ മാത്രം നാം.

ഇന്നലെ കൊഴിഞ്ഞുപോയി;
ഒരു പെണ്പ്പൂവ്.
ഇതള്‍് നിറയെ നിറമുള്ള,
നിറങ്ങളാല്‍ ചന്തമുള്ള,
സുന്ദരിപ്പൂവ്‌;
പോയ രാത്രിയില്‍ കൊഴിഞ്ഞു പോയി.

സന്ധ്യക്ക്‌ പുറപ്പെട്ടു; വീട്ടിലേക്കു.
സന്ധ്യ കഴിഞ്ഞു രാത്രിയായി,
നീളന്‍ വണ്ടിയില്‍ ആളൊഴിഞ്ഞു,
ഇറങ്ങാന്‍ നേരമായി.

പെട്ടന്നിരുട്ടില്‍ തെളിയുന്നു
ഒരപരിചിത മുഖം.
തള്ളിയിട്ടു, കവര്‍ന്നെടുത്തു
പെണ്ണിന്‍ മാനവും, ജീവനും;
ആ ഒന്നരക്കൈയ്യന്‍ ചാമി

കൈകെട്ടി കൂട്ടുനിന്നു;
സഹയാത്രികര്‍.
പിന്നെ മൃതിയടന്ജോന്നു മണത്തു നോക്കി;
കഥയിലെ കരടിയെ പോലെ.

എനിക്ക് തെറ്റി, എനിക്ക് തെറ്റി
ഒറ്റക്കണനും, ഒന്നരകൈയ്യനും
പൂര്‍ണനെക്കാള്‍ മെച്ചമെന്ന
എന്‍റെ തോന്നല്‍, എനിക്ക് തെറ്റി.

വംശനാശം; സിംഹവാലന്ക്കുരങ്ങനോ
അതോ, വാലില്ല കുരങ്ങനോ!
വെള്ളം വറ്റിവരണ്ടത് ഭാരതപുഴയിലോ,
അതോ നമ്മുടെ മിഴിയിലോ!

പെണ്ണെ, കരുതുക കൈയിലൊരു തുപ്പാക്കിയും;
വലിച്ചു കൊള്ളുക കാഞ്ചിയവന്റെ നെഞ്ചിനുനേരെയും.
നിന്നെ കാക്കാന്‍ ഭൂമിമലയാളത്തില്‍ ആരുമില്ല;
നിനക്ക് നീ മാത്രം.

കാക്കെണ്ടവര്‍ 'പീഡന' കഥയിലെ നായകരെ .
ബാക്കി ഞങ്ങളോ; വെറും കവികള്‍.
കൈകെട്ടി നില്‍ക്കുന്ന,
'അയ്യോ' എന്ന് കരയുന്ന
വിലാപകവികള്‍ മാത്രം.