റോഷേ സ്യൂരസ്സ്; കോളോണിയല്‍ വാസ്തുവിന്റെ പ്രൌഡിയും പുത്തന്‍ തച്ചു ശാസ്ത്രത്തിന്റെ സൌന്ദര്യവും പേറുന്ന കെട്ടിടങ്ങള്‍ നിറഞ്ഞ നഗരം. ആഡംബരപ്രിയരും സാഹസികരുമായ സ്വദേശികള്‍ . അവരുടെ വന്യജീവി ഭ്രമം വളരെ പ്രസിദ്ധമാണ്. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ അവിടേക്ക് കുടിയേറിയ ഇംഗ്ലീഷുകാരുടെയും ഫ്രെഞ്ച്കാരുടെയും ഏഷ്യക്കാരുടെ യും പിന് തലമുറക്കാര്‍ ഇവിടെ പാര്‍ക്കുന്നു. 1950 ശേഷം കുടിയേറ്റം നിയമപരമായി നിരോധിച്ചു. കുടിയേറ്റക്കര്ക്കൊപ്പം ലോകത് തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നു റോഷേ സ്യുരസ്സില്‍ ജോലി ചെയ്യുന്നവരും ജോലി അന്വേഷിചെത്തുന്നവരും ഇപ്പോള്‍ ഇവിടെ താമസക്കരായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് രാജ്യം ഭരിച്ചിരുന്നവരുടെ നാമം പേറുന്ന നല്ല തിരക്കുള്ള തെരുവുകള്‍; തെരുവുകള്‍ക്കിടയില്‍ ഉള്ള പ്രദേശങ്ങളില്‍ ഇ ജനം ജീവിക്കുകയും, ജോലിചെയ്യുകയും, ഉറങ്ങുകയും, മരിക്കുകയും ചെയ്യുന്നു.
ഇവിടെ വസിക്കുന്നവര്‍, വര്‍ഷങ്ങളായി ഒരേ വഴികളിലൂടെ, ഒരേ തെരുവുകളിലൂടെ, ഒരേ കാഴ്ചകള്‍ കണ്ടു മാത്രം സഞ്ചരിക്കുന്നവരാണ്. അങ്ങനെ യാന്ത്രികമായി ജീവിക്കാന്‍ നിര്‍ബന്ധിതരും വിധിക്കപെട്ടവരു ം ആണ്. അസന്തുഷ്ട്ടരായ കുറെ സ്യുട്ടിട്ട പ്രവാസികള്‍ നാളയെ കുറിച്ച് ആലോചിച്ചും സ്വയം സംസാരിച്ചും നടന്നു നീങ്ങുന്നത് സ്യൂരസ്സിലെ സ്ഥിരം കാഴ്ചയാണ്. ഭൂമിയെ അതിന്റെ അച്ചുതണ്ടില്‍ പിടിച്ചു നിര്തിയിരിക്കുന്നവര് ഇവരാണെന്നു തോന്നിപ്പിക്കുന്ന ശാരീരിക ഭാഷ. പക്ഷെ ചാരവും കറുപ്പും നിറമുള്ള കല്ലുകള്‍ പാകിയ നടപ്പാതകളില്‍ ഇതുവരെയും ദാരിദ്ര്യം പേറുന്ന ഒരു മനുഷ്യനെയും കാണാന്‍ കഴിഞ്ഞിട്ടില്ല.
ഇരുപത്തിമൂന്നാം സ്ട്രീറ്റില്‍, ഇംഗ്ലീഷുകാരനായ ഡോ. ജോസഫ് ആന്റണിയുടെ ഒരു വെറ്റിനറി ക്ലിനിക് ഉണ്ട്. 'ജോസഫ് കെന്നല്‍' എന്ന ഈ ക്ലിനിക്, മൃഗ പരിപാലനത്തിന് പ്രസിദ്ധമാണ് ഇവിടെ. മൃഗങ്ങളോട് തനിക്കു കാമ്മ്യുണിക്കേറ്റു ചെയ്യാന്‍ കഴിയുമെന്നു അവകാശപെടുന്നതിനാല് ഇംഗ്ലീഷുകാരനായ ഡോക്ടറിനെ ഡോ. ആനിമല്‍ എന്നാണു അറിയപ്പെടുന്നത്. ഒരിക്കല്‍ ബ്ലാക്കിയുടെ വന്യത രാബീസിന്റെ ലക്ഷണം ആണോ എന്നറിയാന്‍ അവിടെ പോയിരുന്നു. നല്ല തിരക്കായതിനാല്‍ കുറെ നേരം പുറത്ത് കാത്തിരുന്നിട്ടാണ് ഡോക്ടറിന് കാണാന്‍ കഴിഞ്ഞത്. ഇന്ജക്ഷന് കൊടുക്കുന്ന നേരം അവന് ഡോക്ടറിനെ നോക്കി മുരണ്ടു. ഡോക്ടറിന്റെ കഴിവ് പരിശോധിക്കാനായി ചോദിച്ചു ; ബ്ലാക്കി എന്താണ് പറയുന്നത്..ഡോക്ടര്‍ പറയാന്‍ താല്പര്യം കാണിച്ചില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം പറഞ്ഞു; 'ഇത് പെക്കുള്ള കുത്തിവെപ്പ് ആണെങ്കില്‍ യജമാനനും ഒന്ന് കൊടുക്കണം'. ഡോക്ടറിന്റെ കഴിവ് പരിശോധികെണ്ടതില്ലയിരുന്നു എന്ന് അപ്പോള്‍ തോന്നിപ്പോയി..
കുറച്ചു നാളുകള്‍ക്കു മുന്‍പ്, ബാങ്ക് ഓഫ് സ്യുരസ്സില്‍ ക്രെഡിറ്റില്‍ ജോലി ചെയ്യുന്ന ജോഷന് വിളിച്ചിട്ട് പറഞ്ഞു..നിങ്ങള്‍ താമസിക്കുന്ന കിങ്ങ് ജോനാസ് സ്ട്രീറ്റില്‍ വലിയൊരു പൂച്ച ഇറങ്ങിയിരിക്കുന്നു. മനുഷ്യരെ ഉപദ്രവിക്കാന്‍ സാധ്യത ഉണ്ട് എന്ന് പോലീസിന്റെ സുരക്ഷ മുന്നറിയിപ്പുണ്ട്. അത് പൂച്ച തന്നെയാണോ എന്നൊരു സംശയവും ആളുകള്‍ക്കിടയില്‍ ഉണ്ട് പോലും .എത്ര പൂച്ചകളെ കണ്ടിരിക്കുന്നു എന്നാ മട്ടില്‍ ഞാന്‍ ഫോണ്‍ അവസാനിപ്പിച്ചു.പക്ഷെ എവിടുന്നോ ഭയം വന്നു മനസ്സിനെ അലട്ടുകയും അത് മുഖത്ത് പ്രതിഭലിപ്പിക്കാതിരിക്കാന് ആവത് ശ്രമിച്ചു കൊണ്ടുമിരുന്നു. സ്ട്രീറ്റില്‍ വലിയൊരു പൂച്ച ഇറങ്ങിയതായി ഭാര്യയെ വിളിച്ചറി യിച്ചപ്പോള്‍ അവള് അത് അത്ര കാര്യമാക്കിയതായി തോന്നിയില്ല. നിങ്ങളുടെ സുഹൃത്ത് ഡോ. ആനിമലിനെ വിളിച്ചന്വേഷിക്ക് എന്ന് പറഞ്ഞു അവള് ഫോണ്‍ വച്ചു. വൈകുന്നേരം താമസിക്കുന്ന ഒറ്റമുറി വീട്ടിലേക്കു ഇടത്തും വലത്തും കണ്ണോടിച്ചു പമ്മി പമ്മിയും നടന്നു. ഏതു നേരത്തും ഏതു മൂലയില്‍ നിന്നും ഭീകരന് എന്നെ അക്രമിക്കുമെന്നു തോന്നി. എതിരെ വരുന്നവര്‍ക്കും കൂടെ നടക്കുന്നവര്‍ക്കും ഇ ഭയം ഉളളതായി അനുഭവപ്പെട്ടു. വളര്‍ന്നു നില്ക്കുന്ന പൈന്‍ മരങ്ങള്‍ക്ക് ഇടയിലൂടെയുള്ള നടപാതയില്കൂടി നടക്കുമ്പോള്‍ നാട്ടിലെ മണ്ണിട്ട വഴിയിലൂടെ ചാവലികള്‍ ഓടിച്ചത് ഓര്‍മ്മയില്‍ വന്നു..അതുപോലെ ഈ ഭീകര ജീവി എന്റെ പിന്നാലെ വരുന്നതായി ഒരു വിചാരം എന്നെ പരിഭ്രമിപ്പിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ അല്പം ആശ്വാസം തോന്നിയെങ്ങിലും അടുക്കളയില്‍ എന്തോ അനങ്ങുന്ന ശബ്ദം എന്നെ ആകുലനാക്കി. ഇന്നലെ ആയിരുന്നെങ്ങില് പല്ലിയൊ പാറ്റയോ ആയിരിക്കുമെന്ന് ആശ്വസിക്കാമായിരുന്നു. അനങ്ങാതെ സോഫയില്‍ തന്നെ ഇരുന്നു. വെറുതെ എന്തിനാ നമ്മളായിട്ട് അതിന്റെ വായിലോട്ടു ചെന്ന് കയറുന്നത്. സ്ട്രീറ്റില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഭീകര പൂച്ചയെ മൃഗപരിപാലന വിഭാഗം പിടിച്ചു 'ജോസഫ് കേന്നലില്‍' സൂക്ഷിച്ചിട്ടുണ്ട് എന്നാ വാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞു. അതുവരെയും നേരെ വീഴാതിരുന്ന ശ്വാസം സാധാരണഗതിയിലായി.
നേരം അല്പം ഇരുട്ടിയത്തിനു ശേഷം, കൂട്ടില്‍ കിടക്കുന്ന ഭീകരപൂച്ചയെ കാണാനായി ജോസഫ് കേന്നലിലേക്ക് വേഗം നടന്നു. കഴിയുമെങ്ങില്‍ ഫേ സ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ അതിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം. ഞാനൊരു ധീരനാണെന്ന് നാല് പേര് അറിയട്ടെ!. ക്ലിനിക്കിനോട് ചേര്‍ന്ന് ഒരു പോലീസ് വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നു. അപ്പോഴും അവിടുത്തെ തിരക്ക് കുറഞ്ഞിട്ടില്ല. സ്വദേശികള്‍ ആയ ഒന്ന് രണ്ട് പേരും ഒരു ഇംഗ്ലീഷ് യുവതിയും വളര്‍ത്ത് മൃഗങ്ങളുമായി റൂമിന് പുറത്ത് കാത്തിരിപ്പുണ്ട് . അവര്‍ പോയതിനു ശേഷം ഡോക്ടര്‍ അകത്തേക്ക് വിളിപ്പിച്ചു. എന്നോടുള്ള തികഞ്ഞ സൌഹാര്‍ദം അദ്ധേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. സുഹൃത്തേ ഇന്ന് എനിക്ക് വെളിപാടുകളുടെ ദിനം ആയിരുന്നു. ഒരു മൃഗം പറഞ്ഞ കഥയിലൂടെ. മൂക്കിന്റെ തുമ്പത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും നിലത്തു വീഴാവുന്ന കണ്ണടയുടെ മുകളിലൂടെ അദ്ദേഹം എന്നെ നോക്കി പറഞ്ഞു. ഡോക്ടറോട് അവന് എന്തെങ്കിലും സംസാരിച്ചോ എന്ന ചോദ്യത്തിന് ഉവ്വെന്ന മട്ടില്‍ തലയാട്ടി...എന്നിട്ട് ഡോക്ടര്‍ തുടര്‍ന്നു.
സ്വന്തം നാട്ടില്‍ അഭിമാനത്തോടും നല്ല നിലയിലും ജീവിച്ചിരുന്ന മൃഗം.അവിടെ എല്ലാവര്ക്കും ഇവനോട് ഭയഭക്തി ബഹുമാനം മാത്രം ആയിരുന്നു. യൌവ്വനത്തില്‍ അവന് അനുഭവിച്ച സ്വാതന്ത്രിയതിന്നു അതിരുകള്‍ ഇല്ലായിരുന്നു. നാലു നേരം സുഭിക്ഷമായി ഭക്ഷിക്കാന്‍ നിറയെ മൃഗങ്ങള്‍ ഉള്ള പ്രദേശത്താണ് അവന് ജീവിച്ചിരുന്നത്. ശൌര്യം ഉള്ള പല്ലുകളും പളുപളുത്ത മഞ്ഞ തോലും ആയിരുന്നു അവന്റെ ആകര്‍ഷണവും സ്വകാര്യ അഹങ്കാരവും. ഒരു പ്രത്യേക സാഹചര്യത്തില്‍ റോഷേ സ്യുരസ്സില്‍ വന്നുപെട്ടു.
ഇവിടെ സ്വദേശിയുടെ വീട്ടില്‍ സുഹൃത്തുക്കളുടെ മുന്പില് ഒരു കാഴ്ച വസ്തുവായി മാറി. കഴിഞ്ഞ പത്ത് വര്‍ഷമായി അവരോടൊപ്പമാണ് താമസം. ഇത്രയും വര്‍ഷമായി പുറം ലോകം കാണിച്ചിട്ടില്ല . ഒരു കൂടിന്റെ ഇട്ടാവട്ടത്തില്‍ ബന്ധനസ്ഥനായിരുന്നു. ശൌര്യമുള്ള രണ്ട് പല്ലുകള്‍ യജമാനന് അടിച്ചു കൊഴിച്ചു. കഴിക്കാന്‍ വെറും പച്ച വെള്ളവും ഉണക്ക മീനും. കൂട്ടുകാരില്ലാതെ അവന് ഇവിടെ ഒറ്റപെട്ടു. നിരന്തരമായ ഉപദ്രവവും പരിഹാസവും മൂലം ജീവിതം അവനു വല്ലാതെ മടുത്തു. കിട്ടിയ അവസരത്തില്‍ കൂടും പൊളിച്ചും ചാടിയതാണ്. ഡോക്ടര്‍ കഥ പറഞ്ഞു നിര്‍ത്തി. പിന്നെ ഒരു രഹസ്യം പറയുന്ന മട്ടില്‍ പറഞ്ഞു, ഞാന്‍ ഒരു സത്യം പറയാം. ഇവന് പൂച്ചയല്ല. ശരിക്കും പുലിയാണ്... പുലി. പക്ഷെ ഈ നാട് ഇവനെ പൂച്ചയാക്കി.
ക്ലിനികില്‍ നിന്നും വീട്ടിലേക്കു നടക്കുമ്പോള്‍ കെണിയില്‍ വീണ പുലിയുടെ ജീവിതവുമായി എന്തൊക്കെയോ സാമ്യമുള്ളതായി തോന്നി. അതെ, പണ്ട് ഞാനും ഒരു പുലി ആയിരുന്നു!