അതേ, എന്റെ നാട്ടിലെ പള്ളിയില്‍ എല്ലാ വര്‍ഷങ്ങളിലും, കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തുന്നതിനു കലാകായിക മത്സരങ്ങള്‍ നടത്തി വരാറുണ്ടായിരുന്നു (ഇപ്പോഴും ഉണ്ടാവണം). പണ്ട് പണ്ട്, ഒരു പതിനഞ്ചു ഇരുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ്, കായികമത്സരങ്ങളിലെ ഒരു സ്ഥിരം സാനിദ്ധ്യമായിരുന്നു വെട്ടത്തെത് ആശാന്മാരുടെ നാലാം തലമുറയില്‍ പെട്ട ഞാനും എന്റെ സഹോദരനും. കായികമത്സരങ്ങളിലെ ഗ്ലാമര്‍ ഇനങ്ങളായിരുന്നു; 'പള്ളിക്ക് ചുറ്റും ഓടുക'(400m), പള്ളിക്ക് വടക്ക് വശത്തുള്ള തെങ്ങിന്റെ തടത്തിലേക്കു ചാടുക(ലോങ്ങ് ജമ്പ്), നൂല് കോര്‍ത്ത് ഓടുക മുതലായ മത്സരങ്ങള്‍. കാലമോ പ്രായമോ കഴിഞ്ഞിട്ടും സണ്‍ഡേ സ്കൂളില്‍ അഞ്ചാം തരത്തില്‍ നിന്നും പാസാവാത്തതിനാല്‍, എന്നും ഞങ്ങള്‍ക്ക് ജൂനിയര്‍ തലത്തില്‍ മത്സരിക്കെണ്ടിവന്നു. ആയതിനാല്‍ എല്ലാകൊല്ലങ്ങളിലും ഫെടരരും നടാലും പോലെ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്ഥിരമായി അലങ്കരിച്ചു പോരുന്നു. പിന്നെ ഇതൊന്നും ഒരു വാര്ത്തയല്ലാത്തതുകൊണ്ട് പത്രത്തിലൊന്നും ഫോട്ടോ അച്ചടിച്ച് വന്നിട്ടില്ല എന്നുള്ളത് നേരാണ്. പക്ഷെ വല്ലിയപ്പച്ചനും വല്ല്യമ്മചിയും തൊട്ടു താഴോട്ടു അമ്മയുടെ ഏറ്റവും ഇളയ ബ്രതറിന്റെ മകള്‍ വരെ ചായ കുടിക്കുന്നത് ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയ കപ്പ്, സോസര്‍, ടംബ്ലാര് മുതലായ ട്രോഫിയിലാന്നെന്നത് ഒരു നഗ്ന സത്യം..
അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഒരു കലാ മത്സരത്തില്‍ പങ്കെടുത്താല്‍ കൊള്ളാമെന്നു ഒരു മോഹം. വിജയശ്രീലാളിതനാകന്നമെന്ന അതിമോഹവും. പോരാത്തതിന് സോളോ സോങ്ങില്‍ മത്സരിച്ചാലോ എന്നൊരു ചിന്ത. "അത് വേണോ" എന്ന് സഹോദരന്. വിജയിച്ചാല്‍ ലഭിക്കുന്ന പ്രശസ്തിയെ കുറിച്ച് ഞാന്‍ വാചാലനായി. എന്റെ വാക്കുകളില്‍ അവന് മോട്ടിവേട്ടറ്റ് ആയോ എന്തോ; ഞങ്ങള്‍ രണ്ടു പേരും പേര് രജിസ്റ്റര്‍ ചെയ്തു.. പാട്ട് പുസ്തകം എടുത്തു പാട്ട് സെലക്ട് ചെയ്തു, ആലാപനവും തുടങ്ങി. ശബ്ദതം നന്നാവാന്‍ സാധകവും, അവസാനം മത്സരദിനം വന്നെത്തി.. ,ഞങ്ങള്‍ മത്സരിക്കുന്നവരോടൊപ്പം പോയിരുന്നു, അപ്പോള്‍ ചെറിയ ഒരു ടെന്‍ഷന്‍. ചുറ്റും നോക്കിയപ്പോള്‍ പള്ളിയിലെ ആസ്ഥാന ഗായകര്‍, പകുതി പഠിച്ച പാട്ടുകൂടി മറന്നു,. സംഘാടകര്‍ ചെസ്റ്റ് നമ്പര്‍ വിളിച്ചു...ഞാന്‍ ശ്വാസം വലിച്ചു ആത്മവിശ്വാസത്തോടെ പോയി പാടി, പല്ലവി പാടിയപ്പോള്‍ തന്നെ ഇവന് ഇത് എന്തുവാ പാടുന്നത് എന്ന് ഓര്‍ത്തു കാണികള്‍ പരസ്പ്പരം നോക്കി..പാട്ട് പാടി തീര്‍ന്നു! , മത്സരവും അവസാനിച്ചു, മീന്‍ വെട്ടുമ്പോള്‍ അമ്മയുടെ അടുത്ത് മത്തി തലക്ക് വേണ്ടി കാത്തിരിക്കുന്ന വെളുമ്പി പൂച്ചയെ പോലെ ഞാന്‍ ജട്ജ്ജസ്സിന്റെ വിധി കേള്‍ക്കാനായി പള്ളിയുടെ ഭിത്തി ചേര്‍ന്ന് ഇരുന്നു.. ഒന്നു മുതല്‍ മൂന്നാം സ്ഥാനം വരെ ആസ്ഥാന ഗായകര്‍ കൈക്കലാക്കി.. അവിശ്വസനീയം!. ഞാന്‍ വിധിക്കെതിരെ അപ്പീല്‍ കൊടുത്തു .മാര്‍ക്ക് ഷീറ്റില്‍ എന്റെയും സഹോദരന്റെയും പേരിനു നേരെ 'Disqualified' എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു..എന്തെല്ലാം മോഹങ്ങള്‍, എത്ര നാളത്തെ പരിശ്രമങ്ങള്‍ പോരാത്തതിന് അതിരാവിലെയുള്ള സാധകവും..എല്ലാം അസാധു. ഞാന്‍ വിലപിച്ചു. എന്നോട് വല്ല അസൂയയും ഉണ്ടോ?.. വിധികര്ത്താവിനോട് എന്റെ പരിഭവം അറിയിച്ചു.. "എന്തിനാണ് എന്നെ അയോഗ്യനാക്കിയത്"..."അത് പിന്നെ പള്ളിയില്‍ പാടുമ്പോള്‍ മോനെ നല്ല ഭക്തിഗാനo അല്ലെ പാടെണ്ടത്... അല്ലാതെ 'പ്രാവേ പ്രാവേ പോകരുതേ' എന്ന കവിതയാണോ"...അത് ശരിയാണെന്ന മട്ടില്‍ ഞാന്‍ തലയാട്ടിനിന്നു.