Monday, February 22, 2010

Two Girlz

ചിലര്‍ പറയും ഇത് വിവാഹമെന്ന്; ചിലര്‍ പറയും ഇത് തീരുമാനമെന്ന്; ചിലര്‍ പറയും ഇത് പ്രണയമെന്നു ; ചിലര്‍ പറയും ഇത് കൂദാശയെന്നു, ചിലര്‍ പറയും ഇത് ഒരു ആചാരമെന്നു; ഞാന്‍ പറയും ഇത് എന്‍റെ തീര്‍ദ്ധയാത്രയെന്നു; വിശുദ്ധ ക്ഷേത്രത്തിലേക്ക്; നഗ്നപാദനായി ; നെഞ്ജ്ജിടുപ്പില്‍ നിറയുന്ന ഇത്തിരി സ്നേഹവും പേറി...അതേ അവളിലേക്ക്‌!

ഈ വര്‍ഷം തുടങ്ങിയത് അങ്ങനെയാണ്; രണ്ടു പെണ്‍കുട്ടികള്‍ എടുത്ത വേറിട്ട തീരുമാനങ്ങളിലൂടെ.. രണ്ടും എന്നെ വിസ്മയിപ്പിക്കുന്നു... ഒരു പെണ്‍കുട്ടി, ഒട്ടും സങ്കോചവുമില്ലാതെ ജീവിതത്തിലേക്ക് നടന്നു കയറി എന്‍റെ ഭൂമിയും ആകാശവുമായി മാറിയത് ഈ ജനുവരിയിലാണ്...അതും നിനച്ചിരിക്കാതെ...ബാക്കി ഞാന്‍ മിണ്ടുന്നില്ല. അതേ, സ്വകാര്യതയെ ഒരു തുറന്ന പുസ്തകമാക്കാന്‍ നിങ്ങള്‍ ഇഷ്ട്പെടാത്തപോലെ ഞാനും..

രണ്ടാമത്തെ പെണ്‍കുട്ടി ....

കലാലയം ഇന്നും എന്‍റെ ഓര്‍മകളുടെ വള്ളികളില്‍ തൂങ്ങിയാടുന്നതുകൊണ്ട്, എല്ലാ അവധിക്കും നാട്ടിലെത്തുമ്പോള്‍ അവിടേക്ക് ഒരു സര്‍ക്കീട്ട് പതിവാണ്. ഈ വര്‍ഷവും അതിനു മാറ്റമുണ്ടായില്ല...എല്ലാ തവണയും യാത്ര അവസാനിക്കുന്നത് ഞായപള്ളിയിലെ ഒരു സ്ത്രീ പുനരധിവാസകെന്ദ്രത്തിലാണ്. പാലക്കാട്ടുനിന്നും ഒരു പെണ്‍കുട്ടി അവിടെ താമസിക്കുന്നുണ്ട്.. നിഷ; മെലിഞ്ഞു, വെളുത്ത നല്ല ചന്തമുള്ള കുട്ടി..അവളെ ഒന്ന് കാണണം; അത്രേയുള്ളൂ. പറഞ്ഞു കേട്ടിടത്തോളം എനിക്ക് ഇത്രയേ അറിയൂ. പാലക്കാട്ടെ ഏതോ ഗ്രാമത്തില്‍ വളര്‍ന്ന കുട്ടി..അറിയാത്ത കാരണങ്ങളാല്‍ പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു.. ഒരു അനിയനുണ്ടെന്നും കേട്ട് . ഇടയ്ക്കു അവന്‍ കാണാന്‍ എത്തുന്നുണ്ട്. പ്രായം പതിനെട്ടെത്തിയപ്പോള്‍ വീട്ടുകാര്‍ കല്യാണവും ആലോചിച്ചു ഉറപ്പിച്ചു. കല്യാണത്തിന് മുന്‍പുളേതോ ദിനങ്ങളില്‍ അവള്‍ കാല്‍വഴുതി കെട്ടിയിട്ടില്ലാത്ത വീട്ടിലെ കിണറ്റില്‍ വീണു. ആ വീഴ്ച പൂമ്പാറ്റ പോലെ പാറിനടന്ന അവളുടെ ജീവിതത്തെ നാലു ചുമരിനുള്ളിലേക്ക് ഒതുക്കിനിര്‍ത്തി. അവള്‍ നിരാശയിലേക്കും പിന്നീട് തെന്നി കിണറിലും ആഴമുള്ള ദുഖത്തിലെക്കും വീണു. കുടുംബത്തിന്റെ നിവര്‍ത്തികേട്‌ അവളെ കൂടുതല്‍ ദുരിതത്തിലാക്കി. ഇടുക്കിയില്‍ നിന്നും ആ നാട്ടില്‍ പണിക്കു വന്ന ചെറുപ്പക്കാരാണ് അവളെ ഞായപള്ളിയിലെ സെന്‍റ്. മേരീസില്‍ എത്തിച്ചത്...

അന്ന്, ആ ക്രിസ്തുമസ് പിറ്റേന്ന് ഞാന്‍ കാണുമ്പോള്‍ തീര്‍ത്തും അവശായിരുന്നു അവള്‍. വേദന കൊണ്ട് പുളയുന്ന മുഖം കണ്ണ് നിറഞ്ഞേ കാണാന്‍ കഴിഞ്ഞുള്ളൂ.അതുകഴിഞ്ഞ് ആറ് മാസത്തോളം അവള്‍ അങ്ങനെ കിടപ്പില്‍ തന്നെ. പിറ്റേ ക്രിസ്ത്മസ്-പിറ്റേന്ന് ഞാന്‍ വീണ്ടും കാണുമ്പോള്‍ വീല്‍ ചെയരിലേക്ക് അവള്‍ മാറിയിരുന്നു.എങ്ങോ അസ്തമിച്ച പ്രതീക്ഷകള്‍ വീണ്ടും ഉദിക്കുന്നപോലെ.നിറചിരിയോടെ ആ വീടിന്റെ മുറ്റത്ത്‌ മാവിന്റെ തണലില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ ഓര്‍മ്മയുണ്ടോ എന്നാ ചോദ്യത്തിനു,അന്ന് വന്ന ചേട്ടനല്ലേ എന്നാ മറുപടി വല്ലാതെ ഉള്ളില്‍ തട്ടി.. മനസ് നിറയെ വേദനിക്കുമ്പോള്‍ മുഖങ്ങള്‍ എങ്ങനെ ഓര്‍ത്തിരിക്കും.ഞാന്‍ വല്ലാതെ ആശ്ചര്യപെട്ടു.വര്‍ത്തമാനങ്ങള്‍ക്കിടയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം ആരംഭിച്ച വിവരം പങ്കുവെച്ചു.നെയ്തു പഠിക്കണം.അതിനുശേഷം പിന്നീട് കാണുന്നത് കഴിഞ്ഞ പുതുവര്‍ഷ പിറ്റേന്ന്,."ചേട്ടാ, ഞാന്‍ ഇവിടെക്ക് മാറിയെന്നു എങ്ങനെ അറിഞ്ഞു".സംസാരം തുടങ്ങിയത് അങ്ങനെയാണ്. ഇതിനിടയില്‍ ബാംഗ്ലൂര്‍ രണ്ടു ഓപ്പറേഷന് വിധേയമായ കഥ പറഞ്ഞു; പറഞ്ഞു നിര്‍ത്തുമ്പോള്‍ അത് പരാജയപെട്ടത്തിന്റെ നിരാശ തീര്‍ത്തും മുഖത്ത് ഉണ്ടായിരുന്നില്ല..ഓപ്പറേഷന് കഴിഞ്ഞു ഒന്ന് രണ്ടു ചുവടു നടന്നു.കാലുറക്കാത്ത കുഞ്ഞിനെ പോലെ അവള്‍ വീണു..പിന്നീട് നടക്കാന്‍ അവള്‍ക്കു ഭയം തോന്നി തുടങ്ങി.നടക്കാന്‍ പിന്നീട് ശ്രമിച്ചിട്ടില്ല..

പക്ഷെ ഇന്ന് നിഷ ചെറിയ ഒരു ജോലി ചെയ്യുന്നു.വസ്ത്രങ്ങളില്‍ പൂവ് നെയ്യുന്നു.അതിന്റെ മോടി കൂട്ടാന്‍.ഒപ്പം അവളുടെ നിലനില്പ്പിനുംകൂടി.ഒരു പൂവ് നെയ്യുന്നതിനു 20 രൂപ വാങ്ങും..വില കുറച്ചു ചെയ്യാന്‍ അവള്‍ക്കു താല്പര്യം ഇല്ല..കാരണം വളരെ ലളിതം! ഒരു തയ്യല്‍ മഷിന്‍ ഉണ്ട്.. അതില്‍ ഇപ്പോള്‍ തയ്യലും പഠിക്കുന്നുണ്ട്. എന്നോട് ഇത് പറയുമ്പോള്‍ മുഖത്ത് ആത്മവിശ്വാസം നന്നേ സ്പുരിച്ചിരുന്നു."എങ്ങനെ ഉണ്ട് ബിസിനസ്‌" "അല്പം മോശം ആണ്"..അല്പം കാര്യത്തോടും അതിലേറെ ചിരിയോടും അവള്‍ പറഞ്ഞു നിര്‍ത്തി. ഞാന്‍ ഇറങ്ങുമ്പോള്‍ എന്‍റെ അമ്മക്ക് ഒരു സാരിയില്‍ കുറെ പൂവ് നെയ്യാന്‍ പറഞ്ഞു. എനിക്കറിയാം അവള്‍ നെയ്യുന്നത് വെറും പൂവല്ലന്നു; അവളുടെ ജീവിതം തന്നെ എന്ന്..

സ്നേഹപൂര്‍വ്വം നിഷയുടെ അഭ്യുദയകാംക്ഷി,
സുബിന്‍

നിങ്ങളുടെ ഉടുപ്പില്‍ പൂവ് നെയ്യണോ, നിഷ ഇവിടെ ഉണ്ട് ....

Dharmagiri vikas society,
Thankalam, kothamangalam,
kerala, S.india PIN 686 691
0485-2822562