Thursday, January 3, 2013

ഓര്‍മ്മ: അടല്ലൂരിലെക്ക് ഒരു രാത്രിയാത്ര

നാല് മാസം കഴിഞ്ഞിട്ടാണ് വീട്ടിലേക്കു പോകുന്നത്; എന്നിട്ടും മനസ്സിന് അത്ര സന്തോഷം തോന്നുന്നില്ല. പരീക്ഷ അത്ര  പാടായിരിക്കുമെന്ന് കരുതിയതല്ല. ഒപ്പറേഷണല്‍ അനാലിസിസ് പെപ്പറിനോടുള്ള ഇഷ്ടം ഈ പരീക്ഷയോടെ തീര്‍ന്നു. ഇനി ആ നമ്പൂതിരി മാഷിന്‍റെ  മുഖത്ത് എങ്ങനെ നോക്കും. കണക്കിനോടുള്ള ഭ്രമം ആയിരുന്നു കണക്കില്‍ ബിരുദത്തിനു മേല്‍ ബിരുദം എടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു കാര്യം മനസ്സിലായി ഭ്രമം മാത്രം പോരാ. കാമ്പസ്സിന്‍റെ  അടുത്തുള്ള സ്റ്റോപ്പില്‍ വീട്ടിലേക്കുള്ള ബസ്‌ കാത്തുനില്‍ക്കുമ്പോള്‍ യാത്രയുടെ സന്തോഷത്തേക്കാള്‍ നിഴലിച്ചത് തെറ്റിക്കാണും എന്ന് വിചാരമുള്ള പരീക്ഷയിലായിരുന്നു. വടക്കോട്ടുള്ള വണ്ടി പിടിക്കാന്‍ ടൗണിലേക്ക് ചീറിപ്പാഞ്ഞു പോയ ഷീലയും ജാസ്മിനും എന്നെ കൈ ഉയര്‍ത്തി കാട്ടി  ക്രിസ്തുമസ് ആശംസ വിളിച്ചു പറഞ്ഞു. ഞാന്‍ തിരികെ കൈ ഉയര്‍ത്തി കാണിച്ചു ചിരിച്ചു.  ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറില്‍ ഏറയായി. നിരത്തില്‍  വല്യ തിരക്കില്ലെങ്കില്‍, നാല് മണിക്കൂറോളം എടുക്കും അടല്ലൂരില്‍ എത്താന്‍.. .. അവിടെ നിന്ന് വീടെത്താന്‍ ഒരു ഫാര്‍ലോങ്ങ്‌ ദൂരം ഇല്ല. കൈയ്യില്‍ പുറമേ വൃത്തിയുള്ള ഒരു ബാഗ് ഉണ്ട്; അതില്‍ നിറയെ കഴുകിയിടാനുള്ള തുണികളും. അതും എടുത്തു അരിക് ചേര്‍ത്ത് നിര്‍ത്തിയ ദീര്‍ഘദൂര ബസില്‍ കയറി.
 
ബസിന്‍റെ  പിന്‍ഭാഗത്ത് ഒരു ഒഴിഞ്ഞ സീറ്റില്‍ ടിക്കറ്റ് എടുത്ത് ഇരുന്നു. യാത്രകള്‍ കംഫര്‍റ്റബില്‍ ആയില്ലെങ്കില്‍ ദൂര യാത്ര ദുരിതമായിരിക്കും. അങ്ങനെ പലതവണ അടല്ലൂരില്ലേക്ക് യാത്ര പോയിട്ടുണ്ട്. യാത്രക്കാര്‍ തിങ്ങി നിറഞ്ഞും, മഴയത്തും. ഇന്ന് ഇത് രണ്ടുമില്ലാത്തതിനാല്‍ യാത്രക്ക് സ്വസ്ഥത ഉണ്ട്. ബസിന്‍റെ വേഗതയില്‍  പിറകിലേക്ക് സഞ്ചരിക്കുന്ന പുറം കാഴ്ചകള്‍. .. ഓടിട്ട പഴയ കടകളുടെ നിരയും, അതിനു പിന്നിലെ വയലും പുഴയും, മേലെ ചുവന്ന ആകാശവും അസ്തമിക്കുന്ന സൂര്യനും. പക്ഷെ ഫങ്ങ്ഷന്‍ അനലറ്റിക്കല്‍ ആണോ എന്ന് തെളിയിക്കാന്‍ കഴിയാതെ പോയതിന്‍റെ നിരാശ പുറം കാഴ്ചകള്‍ക്കും മായിക്കാന്‍ കഴിഞ്ഞില്ല. അല്പം കൂടി സമയം കിട്ടിയിരുന്നെങ്കില്‍ ശരിയാക്കാമായിരുന്നു. ബസ് ടൗണ്‍ കടന്നു ഉള്‍നാടന്‍ ഗ്രാമങ്ങിലേക്ക് കയറി; അടുത്ത ടൗണില്‍ എത്താന്‍.... കടന്നുപോകുന്ന റോഡിന്‍റെ എതിരെയുള്ള ചെറുവീടുകളുടെ ഉമ്മറത്ത് നക്ഷത്രങ്ങള്‍ കെട്ടിയിട്ടുണ്ട്. മുറ്റത്തെ ചെറിയ മരങ്ങളില്‍ 'ട്രീയും അലങ്കരിച്ചിട്ടുണ്ട്. അതിനെ ചുറ്റും വീട്ടിലെ കുട്ടികള്‍ കളിക്കുന്നു. നിറയെ ജീവന്‍ തുടിക്കുന്ന ഗ്രാമത്തിന്‍റെ ചുറ്റുപാട്. ആഘോഷത്തിന്‍റെ ലാളിത്യം കാണുമ്പോള്‍ ജീവിതത്തിന്‍റെ നിറവ് അനുഭവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് തോന്നിപോകുന്നു. ഇവിടെ ബസിറങ്ങി ആ വീട്ടില്‍ കയറി ഒരു ദിനം പാര്‍ത്താലോ. യാത്ര മുന്‍പോട്ടു പോകുമ്പോള്‍ പുതിയ പുതിയ നേര്‍കാഴ്ചകള്‍..  അടുത്തിരിക്കുന്ന തടിച്ച സ്ത്രീ ചെറിയ വായില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങാന്‍ തുടങ്ങി. എട്ടും പത്തും കാലുകളുള്ള നക്ഷത്രങ്ങള്‍; അവ രൂപപെടുത്തുന്ന വൃത്തത്തിന്‍റെ ചുറ്റളവും, രണ്ടു കാലുകളുടെ തുഞ്ചം തമ്മിലുള്ള  ദൂരവും വെറുതെ  കണക്കുകൂട്ടികൊണ്ടിരുന്നു.. കണക്കു കൂട്ടുമ്പോള്‍ മുട്ടിനു താഴെ കാലിന്‍റെ പിന്നിലേക്ക്‌ ഇടത് കൈകൊണ്ടു തപ്പി നോക്കി. മൈനര്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിയുടെ വടുക്കള്‍. ഇപ്പോഴും അവിടെയുണ്ട്. തല്ലു ആവോളം കിട്ടിയിട്ടും ദേഷ്യം കലര്‍ന്ന ഒരു പ്രണയം കണക്കിനോട് എപ്പോഴും ഉണ്ടായിരുന്നു. പിന്നീട് കണ്ട ഇരുനില വീടിന്‍റെ സിറ്റൌട്ടില്‍ അലങ്കരിച്ച  ട്രീയുടെ വോള്യം കണക്കു കൂട്ടിയിരുന്നപ്പം ഉറങ്ങി പോയി. അടുത്തിരിക്കുന്നയാളുടെ അലോരസപ്പെടുത്തുന്ന  കൂര്‍ക്കത്തിന്‍റെ ഒച്ച എനിക്ക് ഉറക്കത്തിലും കേള്‍ക്കാമായിരുന്നു.

അടുത്ത ടൗണില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തപ്പോള്‍ സമയം ശ്രദ്ധിച്ചു;എട്ടര. എന്നോടൊപ്പം യാത്ര ചെയ്ത സ്ത്രീ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു എന്നെ  നോക്കി ചിരിച്ചിട്ട് അവിടെ ഇറങ്ങി. തിരക്കുള്ള ടൗണില്‍ അവര്‍ മറയുന്നത് വരെ അവരെത്തന്നെ നോക്കിയിരുന്നു. ഒരു യാത്രയുടെ പരിചയം മാത്രം. ഇനിയും  ഒരിക്കലും തമ്മില്‍ കാണാന്‍ സാധ്യത ഇല്ല. ഇനിയും വീടെത്താന്‍ രണ്ടു മണിക്കൂറെങ്കിലും എടുക്കും. തുടര്‍ന്നുള്ള യാത്രക്ക് ഹരം പകരാന്‍ ഒരു മദ്യപാനി ബസിന്‍റെ മുന്‍പില്‍ കയറി. അയാള്‍ക്ക്‌ ഇരിക്കാന്‍ സീറ്റ് കിട്ടിയതിനാല്‍ നടനം കാണാന്‍ ഭാഗ്യം സിദ്ധിച്ചില്ല. പക്ഷെ ഇടകിടക്ക് ഉണ്ടാക്കുന്ന ഒച്ചയും, പറയുന്ന അസഭ്യവും ആരുടെയൊക്കെയോ നെറികേടുകള്‍ക്കെതിരെയുള്ള മുഴക്കമായി തോന്നി. അത് കേട്ട് ചിലര്‍ ചിരിക്കുകയും മറ്റുചിലര്‍ ചെറിയ ശബ്ദത്തില്‍ അയാളക്കെതിരെ പറയുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് കുടിയന്‍റെ മുഴക്കങ്ങള്‍ ശ്രദ്ധിച്ച്  ഞാന്‍ കണക്കുകളുടെ ലോകത്ത് വിഹരിച്ചു നടന്നു. ബസ് നല്ല വേഗതയില്‍ മുന്‍പോട്ടു ഓടുന്നുണ്ടായിരുന്നു. ഇടയ്ക്കു എപ്പോഴോ വീണ്ടും ഉറങ്ങി പോയി. അടുത്തിരിക്കുന്നയാളുടെ ദേഹത്ത് ചായാതിരിക്കാനുള്ള ബോധം അപ്പോഴും സൂക്ഷിച്ചിരുന്നു.കുറെകാലത്തെ യാത്ര സമ്മാനിച്ച ഒരു ഗുണമാണ്. പിന്നീട് ഉണര്‍ന്നു നോക്കിയപ്പോള്‍ ബസ്  എവിടെയോ നിര്‍ത്തിയിട്ടിരിക്കുവാണ്. ഞാന്‍ ഇറങ്ങണ്ട സ്ഥലം കഴിഞ്ഞോ എന്ന ഭീതിയില്‍ ഞാന്‍  പുറത്തോട്ട് നോക്കി. 'വഴിയില്‍ മരം വീണ് ബ്ലോക്ക് ആയിരിക്കുവാന്. പോലീസും ഫയര്‍ ഫോര്സും ചേര്‍ന്ന് മരം വെട്ടിമാറ്റി വഴി ഒരുക്കുന്നുണ്ട്‌. . ഇനി ഒരു അരമണിക്കൂറെടുക്കും പഴയപോലെ ആകാന്‍ '. എതിരെ വന്ന വഴിയാത്രക്കാരന്‍ പറഞ്ഞുകൊണ്ട് പോയി.

വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വല്ലാത്ത അരിശം തോന്നി. ഞാന്‍ വരുന്നതും കാത്തിരുന്നു അമ്മ മുഷിഞ്ഞിട്ടുണ്ടാകും. വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം ആറിതണുതിടുണ്ടാകും. നിരത്തിലെ ഗതാഗതതടസ്സം മാറി ഇരുട്ടിനെ കീറിമുറിച്ചു ബസ് മുമ്പോട്ടു പാഞ്ഞു. എല്ലാ ടൗണിലും വണ്ടി നിര്‍ത്തുമ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു വെളിയിലോട്ട്‌ നോക്കും. അടല്ലൂരിലെത്തിയില്ലയെന്നു  ഉറപ്പിച്ചു പഴയ പ്രവൃത്തിലേക്കു മടങ്ങി പോന്നു. പറന്തളത്ത് എത്തുന്നത്‌ വരെ. അവിടെ  നിന്നും ഉറങ്ങാതെ കണ്ണും തുറന്നിരുന്നു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം. പള്ളിമുക്കില്‍ നിര്‍ത്തിയിരുന്നേല്‍ നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ വീട്ടിലെത്താന്‍.  അവിടെയൊന്ന് നിര്‍ത്തി തരാന്‍ കണ്ടക്ടരോട് ഒന്ന് രണ്ടു തവണ കേണു. ഇവിടെ സ്റ്റൊപ്പില്ല എന്ന് രണ്ടു തവണയും അയാള്‍ പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും, പള്ളിമുക്കില്‍ എത്തിയപ്പോള്‍ മനസില്ല മനസ്സോടെ വണ്ടി നിര്‍ത്തി തന്നു. 

ചെറിയ തണുപ്പുണ്ട്, നിരത്തില്‍ ഒരാള്‍പോലും ഇല്ല. അരിക് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന തെങ്കാശിക്ക്‌ ചരക്കുമായി പോകുന്ന പാണ്ടിലോറികള്‍  മാത്രം. അതിനകത്ത് നിന്നും ഉറക്കത്തിന്‍റെ ഒച്ച പുറത്ത് കേള്‍ക്കാം. വണ്ടിയും കടന്നു വീട്ടിലേക്കു തിരിയുന്ന ചെറിയ റോഡില്‍ എത്തി. നേരെ നോക്കിയാല്‍ വഴി എവിടെയാണെന്ന് അറിയാന്‍ കഴിയാത്ത അത്രയും ഇരുട്ട്. ഇലക്ട്രിക് പോസ്റ്റിലെ ഒരു ബള്‍ബും കത്തിച്ചിട്ടില്ല. അല്പം ഉള്‍പെടിയോടെ മുന്‍പൊട്ടു നടന്നു. എതിരെ ചില മനുഷ്യകൊലങ്ങള്‍ നടന്നു വരുന്നതായി തോന്നി. പിറകിലേക്ക് നോക്കാന്‍ ഒട്ടും മനസ്സ് അനുവദിച്ചില്ല. വഴിയുടെ അരികിലൂടെയാണോ അതോ നടുക്കൂടെയാണോ നടക്കുന്നത് എന്ന് ഒരു നിശ്ചയവും ഇല്ല. നടക്കുമ്പോള്‍ ഇടയ്ക്കു വഴിയില്‍ നിന്നും പരിസരം ശ്രദ്ധിച്ചും നീങ്ങി. വഴിക്ക് ഇരുവശവുമുള്ള വീടുകള്‍ എല്ലാം ഉറങ്ങി തുടങ്ങി. രാവിലെ പോലും പേടിയോടെയാണ് ഈ വഴി നടക്കാറുള്ളത്. ഇടയ്ക്ക് ചേരകള്‍ റോഡിനു കുറുകെ ഇഴഞ്ഞു നീങ്ങി കമ്മ്യൂണിസ്റ്റ് പച്ചക്കിടയില്‍ കയറിപോകുന്നത് കണ്ടിട്ടുണ്ട്. വീടുകളില്‍ നിന്നും ചുമയുടെ ശബ്ദവും, തെരുവ് നായകളുടെ ഓരിയും, ചീവിടിനറെ ബഹളവും, മാക്രിയുടെ കരച്ചിലും ചേര്‍ന്ന രാത്രിയുടെ സിംഫണി. അത് ഒറ്റയ്ക്ക് കേട്ട് നില്‍ക്കാനുള്ള ത്രാണി ഈ നട്ടപാതിരായിക്കില്ല. പിന്നെ എനിക്ക് ഒട്ടും നടക്കാന്‍ തോന്നിയില്ല. ഭാരമേറിയ ബാഗും തൂക്കി ഓടി. വീടിന്‍റെ പടി വരെ.

വാതിലില്‍ കൊട്ടിയപ്പോള്‍ ഉറക്കച്ചുവടോടെ അമ്മ വാതില്‍ തുറന്നു. ഞാന്‍ അകത്ത് കയറിയതിന് ശേഷം, അവര്‍ എവിടെയെന്നു എന്നോട് ചോദിച്ചു. കണ്ടില്ല, ഞാന്‍ പള്ളിമുക്കില്‍ ഇറങ്ങി ഇങ്ങോട്ട് നടന്നു. അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "ടീ, ഈ പാതിരാത്രിക്ക്‌ നീ എന്തിനാണ് അവിടെ ഇറങ്ങിയത്‌. . എന്ത് ധൈര്യത്തിലാ  നീ ആളും അനക്കവും ഇല്ലാത്ത ഈ വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു വന്നത്. ഈ നാട്ടില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് നിനക്ക് അറിയില്ലേ". ഞാന്‍ അതിനു ബാക്കി ഒന്നും പറയാന്‍ പോയില്ല. പിന്നെ രാത്രി മുഴുവന്‍ കൊടുങ്ങല്ലൂര്‍ അമ്മയെ പ്രീതിപെടുത്താനുള്ള പാട്ട് കച്ചേരി ആയിരിക്കും. ഞാന്‍ നേരെ പോയി അടുക്കളയില്‍ വിളമ്പി വച്ചിരുന്ന ഭക്ഷണം എടുത്ത് കഴിക്കാന്‍ തുടങ്ങി. അപ്പോഴും അമ്മ, എന്‍റെ തെറ്റ് പൊറുക്കാന്‍ കഴിയാതെ, സ്വയം പതം പറഞ്ഞുകൊണ്ടിരുന്നു. നീ അവളെ വഴക്ക് പറഞ്ഞത് മതി. അവളിങ്ങ് എത്തിയില്ലേ, അച്ചമ്മ കട്ടിലില്‍ കിടന്നു പറഞ്ഞു 

അന്ന് അമ്മയ്ക്കും, ഇന്ന് എനിക്കും അറിയാം; 
ഇരുട്ടത്തെ ആണുങ്ങള്‍; അവര്‍ തെമ്മാടികളും കള്ളന്മാരുമാണെന്ന്. അവര്‍ പെണ്ണിന്‍റെ അമൂല്യമായ രത്നത്തെ  കവര്‍ച്ച ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നു. സൂക്ഷിക്കണം! മറ്റൊന്നുകൂടി അറിയാം, ദില്ലി ഇന്ന് തലസ്ഥാനനഗരി അല്ല; അത് ഒരു പെണ്‍കുട്ടിയാണ്. സൂര്യനെല്ലിയും പരവൂരും പോലെ!